മഴ നീറി നീറി നിന്നു. പിന്നെ ചാറിച്ചാറി ഒടുവിലൊരു പെരുമഴയായി മാറി. യാ അല്ലാഹ്... അൽഹംദുലില്ലാഹ്... മത്വർ... മത്വർ... എന്നാർത്ത് മഴയിലേക്ക് ഇറങ്ങിയ അറബികളെ കണ്ട് ആകാശം കൂടുതൽ മേഘാവൃതമായി. മരുഭൂമിയിൽ നൃത്തം ചെയ്യുന്ന ആഹ്ലാദചിത്തരെ അത് വന്യമായി ആശ്ലേഷിച്ചു. മഴയുടെ വെള്ളിക്കൊലുസുകൾ അണിഞ്ഞ മലകൾ വാദിമുഖങ്ങളിലെത്തി മരുഭൂമിയെ ആവേശത്തോടെ ചുംബിച്ചു. വിദ്യുദ്പ്രവാഹത്താൽ വിജ്രംഭിതയായ മരുഭൂമിയിലൂടെ വാദികൾ സർവ്വാഡംബര വിഭൂഷിതയായി കടലാഴങ്ങളെ സ്വപ്നംകണ്ട് കുതിച്ചൊഴുകി. മഴയുടെ വെണ്മറയിലൂടെ തെളിഞ്ഞ വിദൂരമായ നഖൽ മലനിരകൾ ഹറത്തിലെ തോട്ടത്തിൽ നിന്നാൽ കാണാമായിരുന്നു.
അവിചാരിതമായി വീണുകിട്ടിയ ആ അപൂർവ്വാവസരം ഞങ്ങളെല്ലാവരും ആഹ്ലാദപൂർവ്വം ആഘോഷിച്ചു. പുരമേഞ്ഞ ഈത്തപ്പനയോലകളിൽ പെരുമഴത്തുള്ളികൾ വീഴുന്ന താളം മനസ്സിനെ ത്രസിപ്പിച്ചു. ഈറൻ കാറ്റ് സുഖമുള്ള തണുപ്പിന്റെ കംബളങ്ങ ളിൽ പൊതിയുന്നു. സുലൈമാനി മൊത്തിക്കുടിച്ച് മൊല്ലാക്കയും കുഞ്ഞീതുവും ആല്യേമുട്ടിയും കൂടി ഓർമ്മകളിൽ പെയ്തൊഴിഞ്ഞ മഴക്കാലങ്ങൾ അയവിറക്കെ ഞാൻ മഴയിലേക്കും മരങ്ങളിലേക്കും നോക്കി പുളിബാവയുടെ പുളുവടികൾ കേട്ടുകൊണ്ടിരുന്നു. കൊടും വേനലിൽ പെയ്ത മഴയായിട്ടും മരച്ചില്ലകളിൽ നിന്നും ഉതിർന്ന ജലനൂലിഴകൾ ഭൂമിയിൽ ജലകംബളങ്ങൾ നെയ്തു. ഈ മഴയില്ലായിരുന്നെങ്കിൽ ഞങ്ങളെല്ലാവരും വെയിലത്ത് വാടിയ മനസ്സും ചൂടിൽ പൊള്ളിയ ശരീരവുമായി പുൽ കണ്ടങ്ങളിൽ പാടുപെടുകയായിരിക്കും.
മഴയുടെ ഒരിടവേളയിൽ, ഇന്ന് പുല്ല് അരിയേണ്ടെന്ന അർബാബിന്റെ സന്ദേശവുമായി മകൻ അലിയെത്തി. ആ വാർത്ത കേട്ട ആഘാതത്തിൽ എല്ലാവർക്കും ഏതാനും നിമിഷത്തേക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. അലിയെ കെട്ടിപ്പിടിച്ച് ആഹ്ലാദത്താൽ ആർത്തുവിളിച്ചില്ല എന്നുമാത്രം. അർബാബ് മുഹമ്മദലിയുടെ കീഴിലുള്ള തന്റെ ജീവിതചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമാണെന്ന് ആല്യേമുട്ടി അവകാശപ്പെട്ടു. എല്ലാവരും ഏകകണ്ഠമായി അത് സമ്മതിച്ചു. എല്ലാവരും മനസ്സമാധാനത്തോടെ ഉറങ്ങാൻ പോകുന്ന ഒമാനിലെ ആദ്യ ഉച്ചയാണിതെണെന്ന് പുളിബാവ പ്രഖ്യാപിച്ചതും എല്ലാവരും അംഗീകരിച്ചു. മനസ്സ് തെളിഞ്ഞെങ്കിലും ഉച്ചതിരിഞ്ഞിട്ടും മാനം കറുത്തുതന്നെയിരുന്നു. മലയിൽ നിന്നിറങ്ങിയ വാദികളിലൊന്ന് ഒരു മലമ്പുഴയായി ഹറമെന്ന ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോകും എന്ന വാർത്ത വന്നു.
ഹറത്തിലേക്കുള്ള പ്രധാന റോഡിനെ കുറുകെ മുറിച്ചുകൊണ്ടാണ് അത് ഇരുകരകളിലേക്കും അതിക്രമിച്ചു കയറിയത്. വലിയ ഉരുളങ്കല്ലുകളും പിഴുതെടുത്ത മരങ്ങളും ആസ്ബറ്റോസ് ഷീറ്റുകളും എന്നുവേണ്ട ആരൊക്കെയോ ഉപേക്ഷിച്ച എന്തെല്ലാമോ ചുമന്ന്, നുരച്ചും പതച്ചും ചുവന്നും കിതച്ചും വാദിയെത്തിയപ്പോൾ കാഴ്ച്ചക്കാരുടെ മനസ്സുനിറഞ്ഞു. വാദി പുനർജ്ജനിച്ച കാഴ്ച്ചകൾ കാണാനായി സ്ത്രീപുരുഷഭേദമന്യേ ഹറത്തിലെ ആബാലവൃദ്ധം മനുഷ്യരും ഇരുകരകളിലും സ്ഥാനം പിടിച്ചിരുന്നു. അവർ ആർപ്പുവിളിച്ചും അല്ലാഹുവിനെ സ്തുതിച്ചും വാദിയെ എതിരേറ്റു. ചെറുപ്പക്കാർ അതിന്റെ ഗതിവേഗത്തെ വെല്ലുവിളിച്ചുകൊണ്ട് വാദിക്കൊപ്പം കുറെദൂരം ഓടി കിതച്ചുകൊണ്ട് തിരിച്ചുവന്നു.
രണ്ടുമൂന്ന് മണിക്കൂറിനുശേഷം, വേഗം കുറഞ്ഞു ശോഷിച്ച വാദിയിലേക്ക് ചില ഒമാനി ചെറുപ്പക്കാർ ചാടിയിറങ്ങി. കുഞ്ഞീതു ആവേശഭരിതനായി. അറബി ചെറുപ്പക്കാർ ചുവന്ന കലക്കവെള്ളത്തിൽ അക്കരെയിക്കരെ നടന്നു കളിച്ചപ്പോൾ അപ്പുറം കടന്ന് മെസ്സിലെത്തുവാൻ ഞങ്ങൾക്കും തിടുക്കമായി. ആല്യേമുട്ടി ഒന്നുരണ്ടു വട്ടം വാദിയിലേക്ക് എടുത്തുവച്ച കാൽ അരയോളമുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിൽ പേടിച്ചു തിരിച്ചെടുത്തു. വീണ്ടും അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് കുഞ്ഞീതുവിന്റെ ധൈര്യം കരകവിഞ്ഞൊഴുകിയത്. ഉടുമുണ്ട് പൊക്കിപ്പിടിച്ച് അരക്കൊപ്പം വെള്ളത്തിലിറങ്ങിയ കുഞ്ഞീതു ആല്യേമുട്ടിയെ നോക്കി കരയിലേക്ക് കൈനീട്ടി. മുട്ടോളം നീളമുള്ള വള്ളിട്രൗസർ പുറത്തു കാണുംവിധം ഉടുമുണ്ട് പൊക്കിപ്പിടിച്ച് ആല്യേമുട്ടി ആ കൈയിൽ പിടിച്ചു. ആല്യേമുട്ടിയുടെ കൈയിൽ മൊല്ലാക്കയും മൊല്ലാക്കയുടെ കൈയിൽ പുളിബാവയും പിടിച്ചപ്പോൾ കരയിൽ ഞങ്ങളുടെ കൂട്ടത്തിൽ ഞാൻ മാത്രം ബാക്കിയായി. അപ്പോഴേക്കും വെള്ളമൊഴിയാൻ കാത്തുനിന്ന വേറെ ചിലരും വാദിയിലേക്കിറങ്ങാൻ ധൈര്യം കാണിച്ചു. പുളിബാവ എനിക്കുനേരെ കൈനീട്ടുമ്പോഴേക്കും കുഞ്ഞീതു വാദിയുടെ നടുക്കെത്തിക്കഴിഞ്ഞു. ഒഴുക്കിന്റെ ശക്തിയിൽ പലപ്പോഴും കുഞ്ഞീതുവിന് നിലതെറ്റിയെങ്കിലും അറബിച്ചെറുപ്പക്കാർ അപ്പുറവും ഇപ്പുറവും നിന്ന് ധൈര്യം കൊടുത്തു. ഗത്യന്തരമില്ലാതെ പുളിബാവയുടെ കൈയിൽ ഞാനും കയറിപ്പിടിച്ചു. ഇടതുകൈയിൽ ആകാവുന്നിടത്തോളം മേലേക്ക് ചുരുട്ടിപ്പിടിച്ച മുണ്ടും വലതുകൈയിൽ പുളിബാവയുടെ കൈയിൽ കോർത്ത മെയ്യുമായി ഞാനും വേഗം കുറഞ്ഞ വാദിയെ ഒഴുക്കുമുറിച്ച് തോൽപ്പിച്ചു.
തലേന്ന് പുല്ലരിയാത്തതിനാൽ പിറ്റേദിവസം പാക്കിസ്ഥാനി നവാസും ഞങ്ങൾക്കൊപ്പം തോട്ടത്തിൽ ഉണ്ടായിരുന്നു. തലേന്നത്തെ മഴയിലും വെള്ളപ്പൊക്കത്തിലും പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായെന്നും വണ്ടികളും ആൾക്കാരും വാദിയിൽ ഒലിച്ചുപോയെന്നും അയാൾ പറഞ്ഞു. എന്നാൽ കേട്ട വാർത്തകളിലൊന്നും ഞെട്ടാനുള്ള സമയം ആർക്കും ഉണ്ടായിരുന്നില്ല. അത്രമാത്രം പണിത്തിരക്കിലായിരുന്നു, എല്ലാവരും. തലേദിവസം കിട്ടിയ ഒഴിവിന്റെ നാലിരട്ടി പണിയെങ്കിലും തുടർ ദിവസങ്ങളിൽ ചെയ്താലെ തോട്ടം പഴയപടിയാകുമായിരുന്നുള്ളൂ. വെള്ളച്ചാലുകൾ വൃത്തിയാക്കലും മഴയിൽ ചാഞ്ഞുപോയ പുല്ല് അരിഞ്ഞെടുത്ത് കിണറ്റിങ്കരയിലെ വെള്ളടാങ്കിൽ മുക്കി ചളികളഞ്ഞു കെട്ടുകൾ ആക്കിത്തീർക്കലും ഒക്കെ കഴിഞ്ഞപ്പോൾ സന്ധ്യയായി.
അടുത്തദിവസം നവാസ് മസ്കത്തിൽ നിന്നും തിരിച്ചുവന്നപ്പോഴാണ് മഴക്കെടുതിയുടേയും വെള്ളാപ്പാച്ചിലിന്റേയും യാഥാർത്ഥചിത്രങ്ങൾ വെളിപ്പെട്ടത്. മസ്ക്കറ്റിലേക്ക് പോകുന്ന ഹൈവേയിലെല്ലാം വളർത്തുമരങ്ങൾ കടപുഴകി വീണുകുടക്കുകയാണത്രെ. ചെറുതും വലുതുമായ എല്ലാ റോഡുകളും തകർന്നുപോയിരിക്കുന്നു. റൂവിയിലും മത്രയിലും മസ്കറ്റിലും ഉള്ള തെരുവുകളെല്ലാം ഇപ്പോഴും മുട്ടറ്റം വെള്ളത്തിലാണ്. മലവെള്ളപ്പാച്ചിലിൽ മത്ര സൂക്കിലെ മിക്ക കടകളും തകർന്നുപോയിരിക്കുന്നു. സൂക്കിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ഒലിച്ചുപോയി കോർണേഴ്സിലെ കടലിൽ മുങ്ങിക്കിടക്കുന്നു. ധാരാളം മനുഷ്യർ മരിച്ചുപോവുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്....
മഴ തോർന്നിട്ടും മരങ്ങൾ പെയ്യുന്നതുപോലെ മഴയേക്കുറിച്ചും മലവെള്ളാപ്പാച്ചിലിനേക്കുറിച്ചുമുള്ള നടുക്കുന്ന വാർത്തകൾ ഏറെനാൾ നീണ്ടുനിന്നു.
വണ്ടിയിൽ പോകാനുള്ള അടുത്ത ഊഴം വന്നപ്പോൾ നവാസ് പറഞ്ഞ കഥകളിൽ അവശേഷിച്ച ചിലതെല്ലാം എനിക്ക് നേരിൽ കാണുവാൻ കഴിഞ്ഞു. മത്രയിലെ തകർന്ന പല കടകളും അപ്പോഴും അതേപടി തന്നെ ഉണ്ടായിരുന്നു. കോർണേഷിൽ കടലിൽ മുങ്ങിയ നിലയിൽ ചില വാഹനങ്ങൾ അപ്പോഴും കിടപ്പുണ്ടായിരുന്നു.
ഒമാനിലെ തുടർജീവിതത്തിൽ പലപ്പോഴും ഇത്തരം കാഴ്ച്ചകൾ കണ്ടതിനാൽ പിന്നീടുള്ള കാലം മഴയും വാദിയുമൊന്നും അത്ര അത്ഭുതങ്ങൾ അല്ലാതായി. എന്നാൽ അവസാനവർഷങ്ങളിൽ ഒരിക്കൽ വീശിയടിച്ച ഗോനു എന്ന കൊടുങ്കാറ്റും അതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും അതിന്റെ നാശനഷ്ടങ്ങളും നേരിട്ട് അനുഭവിക്കാനായപ്പോൾ അത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു സംഭവമായി.
പുല്ലിൻ തോട്ടത്തിലും വണ്ടിയിലുമായി തുടർന്നുപോന്നിരുന്ന തൊഴിൽജീവിതം ഒരുവർഷം പിന്നിട്ട കാലം. വെയിലിൽ ചുട്ടുപഴുത്ത ഒരുച്ചയിലേക്ക് അർബാബിന്റെ പിക്കപ്പ് വാൻ പൊടി പറത്തിയെത്തി.
"യാ അള്ളാ... സദീക്ക് താൽ... രക്കബ് സയ്യാറ..."
ഞാനും പുളിബാവയും പണിമാറ്റി കുളിച്ച് വേഷം മാറി വയറ്റിലെ കത്തിക്കാളൽ മാറ്റാനായി മെസ്സിലേക്ക് നടന്നുപോകുമ്പോഴായിരുന്നു, വണ്ടിയിൽ കയറാനുള്ള അർബാബിന്റെ ഉത്തരവ്. ഞങ്ങൾ മനസ്സില്ലാമനസ്സോടെ അതനുസരിച്ചു.
മെസ്സിൻ്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഇറക്കിത്തരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഞങ്ങളെ നിരാശാഭരിതരാക്കി അർബാബ് ആക്സിലേറ്ററിൽ ഒന്നുകൂടി അമർത്തിച്ചവിട്ടുകയാണ് ചെയ്തത്. അർബാബിന്റെ ആ പാച്ചിൽ നോക്കി മെസ്സിലേക്ക് നടന്നുപോകുന്ന ആരെയൊക്കെയോ പൊടിയിൽനിന്ന് രക്ഷപ്പെടാൻ റോഡരികിലേക്ക് മാറി അന്തംവിട്ട് നിൽക്കുന്നുണ്ട്. പിക്കപ്പ് അവരെയെല്ലാം പിന്നിലാക്കി മുന്നിലേക്ക് കുതിച്ചു. ഒടുവിൽ മൊല്ലാക്ക പണിയെടുക്കുന്ന തൊട്ടത്തിലെത്തി അത് നിന്നു. ഭക്ഷണസമയമായിട്ടും തോട്ടത്തിലെ കിണറ്റിൻ കരയിൽ ഓയിലും കരിയും പുരണ്ട് മൊല്ലാക്ക വിയർത്ത് നിൽക്കുന്നുണ്ട്. വളരെ പണിപ്പെട്ട് ദേഷ്യം ഒളിപ്പിക്കാൻ നോക്കുന്ന ആ മുഖത്ത് അർബാബിനോടുള്ള വെറുപ്പും കറുപ്പുമൊക്കെയുണ്ട്.
കിണറ്റിങ്കരയിൽ വണ്ടി നിർത്തി അർബാബ് നേരെ കിണറ്റിലേക്ക് ഇറങ്ങിപ്പോയി. എല്ലാവരും അർബാബിനെ അനുഗമിച്ചു. കിണറ്റിലെ ചില ഒതുക്കുകൾ ഇറങ്ങിച്ചെന്നാൽ ഡീസൽ എൻജിൻ വച്ചിരിക്കുന്ന തിട്ട കാണാം. മൊല്ലാക്ക അവിടെയുള്ള വലിയ ഡീസൽ എഞ്ചിൻ ഒരു അഴിച്ചുപണിയൊക്കെ നടത്തി ആറുംനാലുമാക്കി വച്ചിരിക്കുകയാണ്. അർബാബ് പരിസരമാകെ ഒരു പര്യവേക്ഷണം നടത്തി. ചെറുപ്പം മുതൽ ചെയ്തും കണ്ടു പഠിച്ചതുകൊണ്ട് അർബാബ് ഒന്നാന്തരമൊരു എഞ്ചിൻ മെക്കാനിക്കാണ്.
യാ അള്ളാ.. കുല്ലും ജീബ് ഫോക്ക്..
എലാവരും കൂടി എൻജിൻ ഹെഡും പമ്പും അനുബന്ധസാമഗ്രികളും ഒക്കെ മുകളിലെ വേപ്പുമരത്തിന്റെ ചുവട്ടിലെത്തിച്ചു. ഏറെ നേരം നീണ്ടുനിൽക്കാവുന്ന വിശിഷ്ടമായ ഒരു കർമ്മത്തിനെന്ന പോലെ അർബാബ് ചമ്രം പടിഞ്ഞിരുന്നു. പിന്നെ എന്തൊക്കെയോ അഴിക്കാനും മുറുക്കാനും തുടങ്ങി. ചിലതെല്ലാം തിരിച്ചും മറിച്ചും നോക്കി മാറ്റിവെക്കും. മൊല്ലാക്ക അതെടുത്ത് ഡീസലിൽ കഴുകി വക്കും. പുളിബാവ തുടച്ചു വൃത്തിയാക്കിയവ ഞാൻ അർബാബിന്റെ തിരുമുമ്പിൽ സമർപ്പിക്കും.
അങ്ങിനെ ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞു. ഒരു മണിക്കൂറും കഴിഞ്ഞു. ഞങ്ങൾക്കിടയിൽ ഇഷ്ടംപോലെ മണിക്കൂറുകൾ പിന്നേയും ബാക്കി
കിടക്കുന്നു. കാത്തിരുന്നിട്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായതുപോലെ വയറ്റിലെ കത്തലും കാളലും താനേ അടങ്ങി. ആദ്യമൊക്കെ പുളിബാവ ചിരിച്ചുകൊണ്ട് നിന്നു. കാണേക്കാണെ ആ മുഖം കരി ഓയിൽ പോലെ കറുത്തു. പള്ള കത്തി തീ പടരാതിരിക്കാനാവണം മൊല്ലാക്ക എന്തൊക്കെയോ ആയത്തുകൾ ഓതി നെഞ്ചത്തൂതി.
അർബാബ്.. അന റാഹ് അക്കൽ..
അർബാബേ.. ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണെന്ന്..
ആരുടെ വായിൽ നിന്നാണ് എങ്ങിനെയാണ് എപ്പോഴാണ് ആ വാക്കുകൾ പുറത്തു ചാടിയതെന്നറിയാതെ എല്ലാവരും അന്യോന്യം നോക്കി. ഒടുവിൽ എല്ലാ കണ്ണുകളും എന്നിൽ വന്നുടക്കി. എന്നാൽ ഇന്നും അറിയില്ല, എങ്ങിനെയാണ് എന്റെ വായിൽനിന്നും ഇത്രവലിയ വാക്കുകൾ പുറത്തുചാടിയതെന്ന്. പുളിബാവ കരയണോ ചിരിക്കണോ എന്നറിയാതെ നിൽക്കുന്നു. മൊല്ലാക്ക അന്തം വിട്ട് അർബാബിനെ നോക്കുന്നു.
ലയ്സ് കലാം..? എന്താണ് പറഞ്ഞതെന്ന് ചോദിച്ചുകൊണ്ട് അർബാബ് പുരികം ചുളിച്ചു. ചൂടിൽ ചുവന്നു തുടുത്ത മുഖം ഒന്നുകൂടി ചുവന്നു.
ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്നു..
എന്റെ വിശപ്പായിരിക്കണം അർബാബിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്. അർബാബിന്റെ കണ്ണുകൾ ചുരുങ്ങിച്ചുവന്നു. സ്വരം കൂടുതൽ കടുത്തു.
കല്ലി.. ഹാദാ കലാസ് ബാദൻ അക്കൽ.. പറ്റില്ല.. ഇത് കഴിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കാം.
പിന്നെ നടന്നത്, വിശപ്പും വാശിയും തമ്മിലുള്ള ഏറ്റുമുട്ടൽ..
പറ്റില്ല.. എനിക്ക് ഭക്ഷണം കഴിക്കണം..
ഇല്ല.. പോകാൻ പറ്റില്ല..
ഞാൻ പോകും..
ലാ.. മാഫി റോ.. പോകാൻ പറ്റില്ല..
പുളിബാവയേയും മൊല്ലാക്കയേയും അവരുടെ പാട്ടിനുവിട്ട് ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോഴേക്കും അർബാബ് കലിതുള്ളിക്കൊണ്ട് കൈയിൽ ഉണ്ടായിരുന്ന സ്പാനറുമായി ചാടിയെഴുന്നേറ്റു. ആ കണ്ണുകളിൽ നിന്നും അഗ്നിസ്ഫുലിംഗങ്ങൾ പറന്നു. കഴിയുന്നത്ര ധൈര്യം സംഭരിച്ചു നിന്നു.
നീ പോകും അല്ലെ..? ഹിന്ദി.. ഹറാമി.. അർബാബ് എനിക്കറിയാത്ത ഗോത്രഭാഷയിൽ ഏതാണ്ടൊക്കെയോ പൂരിപ്പിച്ചു.
തന്നെ അടിമകളെപ്പോലെ അനുസരിക്കുന്നവരുടെ മുന്നിൽ വച്ച് അവഹേളിക്കപ്പെട്ടതിന്റെ ഒരു ജാള്യതയും ഒട്ടും പ്രക്ഷിക്കാതിരുന്ന എന്റെ പ്രതികരണവും ഒക്കെക്കൂടി അർബാബിനെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. എങ്കിലും അർബാബ് ഒരു നിശ്ചിത അകലത്തിനിപ്പുറം കടക്കുകയാണെങ്കിൽ സർവ്വ ശക്തിയുമെടുത്ത് തിരിഞ്ഞോടാൻ തയ്യാറായിട്ടുതന്നെയാണ് ഞാൻ നിൽക്കുന്നത്.
എന്താ നീ പറഞ്ഞത്.. എന്നെ ധിക്കരിച്ചു പോകുമെന്നോ.. എങ്കിൽ കാണട്ടെ.. അർബാബ് അലറി. പോകും പോലും.. പൊയ്ക്കോ.. നീ ഇന്ത്യയിലേക്ക് പൊയ്ക്കോ..
തൽക്കാലം കയ്യാങ്കളിയൊന്നും ഉണ്ടാവുകയില്ലെന്നും ഇങ്ങിനെ സംസാരം മാത്രമേ നടക്കൂ എന്നും മനസ്സിലായപ്പോൾ ഭയം തെല്ലലിഞ്ഞു.
ശരി.. ടിക്കറ്റ് കൊണ്ടുവന്നാൽ ഞാൻ പോകാൻ തയ്യാറാണ്.
ടിക്കറ്റോ.. രണ്ടുകൊല്ലം കഴിഞ്ഞാലെ ഞാൻ ടിക്കറ്റ് തരൂ.. നിനക്ക് പോകണമെങ്കിൽ സ്വന്തം കയ്യിൽ നിന്നും ടിക്കറ്റെടുത്ത് പൊയ്ക്കൊ..
ഇല്ല പറ്റില്ല.. അർബാബിന് എന്നെ വേണ്ടെങ്കിൽ ടിക്കറ്റ് തന്ന് പറഞ്ഞു വിടണം..
കല്ലി റാഹ്..
കടന്നു പോ.. എന്നാക്രോശിച്ചുകൊണ്ട് കലിയോടെ അർബാബ് തലക്കെട്ടഴിച്ചു മുഖത്തെ വിയർപ്പ് തുടച്ചു. ഞാൻ ആരെയും ശ്രദ്ധിക്കാതെ തോട്ടത്തിൽ നിന്നു പുറത്തുകടന്നു. വെയിലും ചൂടുമറിയാത്ത ആ നടത്ത മെസ്സിൽ ചെന്ന് അവസാനിച്ചു. വിശപ്പ് അറിയുന്നില്ലെങ്കിലും എന്തോ കഴിച്ചെന്നു വരുത്തി നേരെ ജാഫർ മൻസിലിലേക്ക് പോയി.
(തുടരും)
ചിത്രം ഗൂഗിളിൽ നിന്നും


0 അഭിപ്രായങ്ങള്