തലസ്ഥാന നഗരമായ മസ്ക്കറ്റിന് തൊട്ടു കിടക്കുന്ന സിദാബിലെ കടൽപോലെത്തന്നെ തിരയടങ്ങിക്കിടക്കുകയാണ് ആയിഷയുടെ മനസ്സെന്ന് ഏറെ നാളത്തെ പരിചയം വച്ച് എനിക്ക് ഊഹിക്കാൻ കഴിയും. ആ അറബി വീടിന്റെ അടുക്കളഭാഗത്തെ ഗെയ്റ്റ് തുറന്ന് ഞാൻ കൊണ്ടുവയ്ക്കുന്ന രണ്ടുകെട്ട് പുല്ലിന് പകരമായിട്ടാണ് അടുക്കളയിൽ നിന്നും പുറത്തുവന്ന് ആയിഷ ഉള്ളിലെ തിരകളടക്കി ചുണ്ടിൽ എന്നും ഒരു പുഞ്ചിരി വച്ചുനീട്ടുന്നത്. പതിവുപോലെ മീൻ ചെതുമ്പൽ നിറഞ്ഞ കൈകൾ കഴുകിയെന്ന് വരുത്തി അവൾ രണ്ടുമൂന്നു കത്തുകളും നീട്ടുന്നു: ഇന്നന്നെ പോസ്റ്റ് ചെയ്യണേ.. മറക്കല്ലേ ഇക്കാ.. എന്ന അപേക്ഷയോടെ.
സ്റ്റാമ്പൊട്ടിച്ച് ഉച്ചയ്ക്കു മുമ്പ് മസ്ക്കറ്റിലെ പോസ്റ്റോഫീസിൽ അതിട്ടാൽ അന്നുതന്നെ ഇന്ത്യയിലേക്ക് പോകുമെന്നൊക്കെ അവൾക്കും അറിയാം.
പാക്കിസ്ഥാനി നവാസ് തുടങ്ങിവച്ച ഒരേർപ്പാടാണിത്. അറബിവീടുകളിൽ ജോലി ചെയ്യുന്ന പലർക്കും ബാങ്കിലോ, പോസ്റ്റോഫീസിലോ ഒന്നും പോകാനുള്ള സാവകാശം കിട്ടാറില്ല. പലരും അറബിവീടിന്റെ അടുക്കളയിൽ നിന്നുപോലും പുറത്തുകടക്കാൻ സമയം കിട്ടാത്തവരായിരിക്കും. അപ്പോൾ തൊട്ടടുത്തുള്ള ഒരു കടക്കാരനോ, നിത്യവും കാണുന്ന അയൽക്കാരനോ ഒക്കെയാണ് അവരുടെ ആശ്രയം. തങ്ങൾക്ക് ഭക്ഷണവും ശമ്പളവും തരുന്ന അർബാക്കന്മാരേക്കാൾ അവർക്ക് സ്നേഹവും വിശ്വാസവും പരിചയക്കാരായ വിദേശികളോടായിരിക്കുകയും ചെയ്യും.
അങ്ങിനെ എനിക്കു നേരെ വച്ചുനീട്ടുന്നവരുടെ കത്തുകൾ സന്തോഷത്തോടെ വാങ്ങി ഞാനും മസ്കറ്റ് പോസ്റ്റാഫീസിൽ നിന്നും സ്റ്റാമ്പൊട്ടിച്ചയക്കും. അത്യാവശ്യക്കാർക്കെല്ലാം എക്സ്ചേഞ്ചിൽ പോയി ഡ്രാഫ്റ്റ് എടുത്തുകൊടുക്കുകയും ചെയ്യും. നമ്മൾ ആ കത്തുകൾ വാങ്ങിവക്കുമ്പോൾ അവരുടെ മുഖത്തെല്ലാം വിലപ്പെട്ടതെന്തോ ഒന്ന് ഒരു വിശ്വസ്ത കരങ്ങളിൽ ഏൽപ്പിച്ചതിന്റെ ആശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതു കാണുമ്പോൾ മറ്റുള്ളവർക്ക് തന്നാൽക്കഴിയുന്ന ചേതമില്ലാത്ത ഒരുപകാരം ചെയ്യുന്നു എന്ന ചാരിതാർഥ്യത്തോടെ ഞാനും സംതൃപ്തിയടയുന്നു.
ആയിഷയുടെ മാഡം ഇടക്കിടക്കൊക്കെ പോസ്റ്റോഫീസിൽ പോകാറുണ്ട്. നാട്ടിലേക്കുള്ള കത്തുകളെല്ലാം മാഡം കൊണ്ടുപോയി പോസ്റ്റ് ചെയ്യാറുമുണ്ട്. ഇത് അതിനിടക്കൊക്കെ വരുന്ന ഏതെങ്കിലും കത്തുകൾക്കുള്ള മറുപടികളാണ്. ആദ്യമൊക്കെ ഇങ്ങിനെയുള്ള കത്തുകൾ ഉസ്മാനിക്കയാണ് വാങ്ങിക്കൊണ്ട് പോകാറുള്ളത്. ഉസ്മാനിക്ക അവളുടെ നാടൻ സ്പോണ്സറും വകയിലൊരു ജേഷ്ഠനും കൂടിയാണ്. താൻ കൊടുത്തുവിടുന്ന കത്തുകളെല്ലാം ഉസ്മാനിക്കയുടെ സെൻസറിംഗ് കഴിഞ്ഞതിനു ശേഷമാണ് നാട്ടിൽ കിട്ടുന്നതെന്ന ഉമ്മയുടെ സംശയത്തിനു ശേഷമാണ് അത്യാവശ്യമുള്ള ചില കത്തുകൾ അവൾ എന്റെ കയ്യിൽ തന്നു വിടുന്നത്.
കത്തുകളിൽ മാത്രമല്ല, അവൾക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു വിഹിതവും മാസാമാസം ഉസ്മാനിക്ക തന്റെ കത്രിക പ്രയോഗത്താൽ കൈവശപ്പെടുത്തുന്നുണ്ട്. അവളെ ഗൾഫിലേക്ക് കൊണ്ടുവന്നതിന്റെ ബാക്കിപത്രമെന്ന നിലയിൽ വിസക്ക് ചിലവായതിന്റെ കണക്കിലേക്ക് വകയിരുത്തുകയാണയാൾ.
കോഴിക്കോടാണ് ആയിഷയുടെ സ്വദേശം. കോഴിക്കോട്, സൗദി എന്ന പേരിൽ ഒരു പ്രദേശമുള്ള കാര്യം ആയിഷ പറഞ്ഞാണ് ഞാനറിയുന്നത്. ആയിഷയുടെ വീട് മേൽപ്പറഞ്ഞ സൗദിയിലാണത്രേ. ഉപ്പ മരിച്ചുപോയ ആയിഷയെ പതിമൂന്നാം വയസ്സിൽ ഉമ്മ കല്യാണം കഴിച്ചയച്ചു. പണക്കാരനായ ആ വയസ്സൻ പുത്യാപ്ലയുടെ വീട്ടിലെ നാലുവർഷത്തെ ജീവിതദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് അവൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോഴായിരുന്നു ഉസ്മാനിക്കയുടെ ഗൾഫിലേക്കുള്ള ഒരു ഗോൾഡൻ ഓഫർ വരുന്നത്. തകർന്നു വീഴാറായ വീട്ടിൽ വിവാഹപ്രായമെത്തി നിൽക്കുന്ന അനുജത്തിയുടെ കാര്യമോർത്തപ്പോൾ ടിക്കറ്റെടുക്കാനായി ഉള്ള പൊന്നെല്ലാം ഉരുക്കിത്തൂക്കി വിറ്റു. വിസക്ക് ചെലവായ പണം മസ്ക്കറ്റിൽ വന്നതിനുശേഷം ആയിഷ ജോലിചെയ്തു വീട്ടിയാൽ മതിയെന്നായിരുന്നു അവർക്കിടയിൽ വാക്കാലുണ്ടാക്കിയ ഒരേയൊരു കരാർ. അതനുസരിച്ചാണ് ഉസ്മാനിക്ക ഒരു വർഷത്തോളമായി ഇങ്ങിനെ ഊറ്റിക്കൊണ്ടിരിക്കുന്നത്.
അയാൾ, വകയിലൊരു ഇക്കയാണെന്ന നിലയിൽ പോലും അവളുടെ വാക്കും പെരുമാറ്റവുമൊന്നും ഉണ്ടായില്ലെങ്കിലും പാവം ഉസ്മാനിക്ക അങ്ങിനെയുള്ള വേർതിരിവൊന്നും കാണിക്കാതെ എന്നും അവളോട് പെരുമാറി. അവളൊന്നു തുപ്പിയാലോ തുമ്മിയാലോ അയാൾ എവിടെ നിന്നെങ്കിലും ഓടിയെത്തുന്നു. അധികാരത്തോടെ, ആയിഷാ എന്താ പറ്റിയതെന്ന് ചോദിക്കുന്നു. മറ്റുള്ളവരുടെ മുമ്പിൽ വച്ച് അയാൾ മറ്റാർക്കുമില്ലാത്ത ഒരധികാരം പ്രകടിപ്പിക്കുന്നു. ആയിഷ ആരോടെങ്കിലും എന്തെങ്കിലും മിണ്ടുകയോ ചിരിക്കുകയോ ചെയ്തെന്നറിഞ്ഞാൽ പോലും അതൊന്നും പാടില്ലെന്ന് വിലക്കുന്നു. ശാസിക്കുന്നു.
എന്നാൽ ഇതിനൊക്കെ വിപരീതമായി തന്റെ ചില കൂട്ടുകാരുമൊത്ത് അയാൾ നടത്തുന്ന സൗഹൃദ സന്ദർശനം പലപ്പോഴും അവൾക്ക് നിസ്സഹായതയോടെ സഹിക്കേണ്ടി വന്നു. വീട്ടിൽ മാഡവും മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് അയാൾ ആരെങ്കിലുമായി കയറി വരുന്നത്. അവിടത്തെ ആചാരപ്രകാരം അവൾ അവരെ വീടിന്റെ മജ്ലിസിൽ ഇരുത്തി ഓരോ ചായ കൊടുക്കും. അയാളാവട്ടെ കിട്ടുന്ന സമയം കൊണ്ട് കൂടെ വന്നവന്റെ ജോലി, വരുമാനം, സ്വഭാവാദി ഗുണങ്ങൾ തുടങ്ങിയവയെല്ലാം വർണ്ണിക്കും. അന്നേരം ആയിഷക്ക് ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെ നിലതെറ്റുന്നു. താനവളുടെ ഏക സഹോദരനാണെന്നും അവൾക്ക് അനുയോജ്യനായ ഒരു പുതിയാപ്ലയെ കണ്ടെത്തേണ്ടത് തന്റെ കടമയാണെന്നും ഒക്കെ കാണുന്നവരോടെല്ലാം അയാൾ പറഞ്ഞു നടക്കുന്നു.
തന്റെ നാടൻ സ്പോണ്സർ എന്ന നിലയിൽ മാത്രമല്ല, മാഡത്തിന്റെയടുത്തും സിദാബിലെ ഒട്ടുമിക്ക അറബി, മലയാളികൾക്കിടയിലും അയാൾക്കുള്ള സ്വാധീനം വച്ചു നോക്കുമ്പോൾ അവൾക്ക് എല്ലാം സഹിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് അവൾ തന്റെ സങ്കടങ്ങളെല്ലാം ഉമ്മയേയും അനുജത്തിയേയും എഴുതി അറിയിക്കും. അങ്ങിനെയുള്ള കത്തുകൾ കണ്ടെത്തിയാണ് അയാൾ കടുത്ത സെൻസറിംഗിന് വിധേയമാക്കുന്നത്.
ഒരിക്കൽ അയാൾ പരിചയപ്പെടുത്തിയ ഒരു കൂട്ടുകാരൻ പലവട്ടം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവളുടെ കണ്മുന്നിൽ വന്നും പോയുമിരുന്നു. പിന്നെ യാദൃശ്ചികമെന്നവണ്ണം റോഡിലും മാർക്കറ്റിലും മറ്റും കണ്ടുമുട്ടുകയും കുശലം പറയുകയും ചെയ്തു കൊണ്ടിരുന്നു. തുടർന്നൊരു പകൽ വീട്ടിലെ ഫോണിലേക്കും അയാളുടെ വിളി വന്നു. ഒരു ദിവസം ലീവെടുക്കണമെന്നും റൂവിയിൽ പോയി ഷോപ്പിംഗ് നടത്താമെന്നും പുതിയ മലയാളം സിനിമ കാണാമെന്നും മറ്റും ചില പ്രലോഭനങ്ങളും അതിലൂടൊഴുകി. അവൾ ഒരക്ഷരം പോലും അതിനൊന്നും മറുപടി പറഞ്ഞില്ല. എന്നിട്ടും കുറേ പഞ്ചാര വർത്തമാനത്തിന് ശേഷമാണയാൾ ഫോൺ വച്ചത്.
പിറ്റേന്ന് പുല്ലുമായി എത്തിയപ്പോഴാണ് അവൾ ഇക്കഥ പറഞ്ഞു എന്നെ ചിരിപ്പിച്ചത്. മാഡത്തിനോട് പറഞ്ഞാൽ ഒരു ലീവൊക്കെ തരപ്പെടില്ലേ എന്ന എന്റെ കളിയാക്കലിന്, എന്റെ മാഡത്തെ ഇക്കാക്കറിയില്ല.. അതോണ്ടാ ഇങ്ങിനെയൊക്കെ പറയുന്നതെന്ന് അതേ നാണയത്തിൽത്തന്നെ പകരം വീട്ടി..
കുറേ ദിവസങ്ങൾക്ക് ശേഷം അന്നത്തെ സിനിമാക്കാരൻ പിന്നെ വിളിച്ചില്ലേ..? സിനിമക്കൊന്നും പോയില്ലേ എന്ന എന്റെ ചോദ്യത്തിന് ഇനിയൊരിക്കലും അയാൾ വിളിക്കുമെന്ന് തോന്നുന്നില്ലെന്നു പറഞ്ഞു അവൾ ചിരി നിർത്താൻ പാടുപെട്ടു. എന്റെ ജിജ്ഞാസ കണ്ടപ്പോൾ അയാളെ എന്നന്നേക്കുമായി ഒഴിവാക്കിയ ആ കഥ അവൾ വള്ളിപുള്ളി വിടാതെ വിസ്തരിച്ചു.
എന്താ ആയിഷാ ഞാൻ ചോദിച്ചതിന് നീ മറുപടിയൊന്നും തരാത്തതെന്ന അയാളുടെ നിരന്തരമായ പരാതി കേട്ട് മടുത്തപ്പോഴാണ് അവൾ ആദ്യമായി അയാളോട് ഒന്ന് മിണ്ടിയതുതന്നെ. അയാളുടെ ചോദ്യം നിശ്ശബ്ദം കേട്ടശേഷം പ്രത്യേകിച്ചു ഭാവഭേദം ഒന്നുമില്ലാതെ തികച്ചും സ്വാഭാവികതയോടെ ഒന്നേ ഒന്നുമാത്രമേ അവൾ ആവശ്യപ്പെട്ടുള്ളൂ.
കാതിലും കഴുത്തിലും ഒന്നുമില്ലാതെ എങ്ങിന്യാ ഇക്കാ ഞാൻ വര്വാ..? അതിന് പ്പോ ഒരഞ്ചുപത്ത് പവനെങ്കിലും വേണ്ടേരും..
അവൾ പറഞ്ഞു നിർത്തിയപ്പോഴേക്കും മറുതലയ്ക്കൽ നിന്നും അയാൾ ഉമിനീരിറക്കുന്ന ശബ്ദം ശരിക്കും ചെവിയിൽ വീണു. മസ്ക്കറ്റിലെ പേരുകേട്ട ജ്വല്ലറികളുടെയെല്ലാം പരസ്യബോർഡുകൾ അയാളുടെ തലച്ചോറിലൂടെ നിയോണ് വെളിച്ചത്തോടെ മിന്നിമറഞ്ഞിട്ടുണ്ടാകും. അന്ന് ഫോൺ വച്ചു സ്ഥലം വിട്ടതാണ്. പിന്നെ നിഴൽ പോലും കണ്ടിട്ടില്ല..
ആയിഷ ചിരിച്ചപ്പോൾ എനിക്ക് സിദാബിലെ ഇരുണ്ട, ആഴമുള്ള കടലിനെ ഓർമ്മവന്നതിൽ അത്ഭുതമെന്തുണ്ട്?
(തുടരും)


0 അഭിപ്രായങ്ങള്