നബീസു






ഓത്തുപള്ളിയിലെ ഒന്നാമത്തെ ബഞ്ചില്‍ ഞാനെത്തുമ്പോള്‍  നബീസു അഞ്ചാമത്തെ ബഞ്ചിലായിരുന്നു. ഒന്നാം ബഞ്ചില്‍ നിന്നും അഞ്ചാം ബഞ്ചിലേക്ക് ഒരു അന്യദേശത്തെക്കുള്ള വഴി ദൂരമെങ്കിലും തോന്നിച്ചിരുന്ന കാലമായിരുന്നു അത്. പള്ള്യാലുകള്‍ക്കും പാടങ്ങള്‍ക്കും അപ്പുറം കൊട്ടോട്ടിക്കുന്നിന്റെ  ചെരുവിലായിരുന്നു  നബീസുവിന്റെ  വീട്. 

എനിക്ക് ഓത്തുപലകയില്‍  തപ്പിത്തടഞ്ഞു വായിക്കാറായപ്പോഴേക്കും നബീസു മുസാഅഫില്‍ നിന്ന് മുപ്പത്‌ യൂസും മനപ്പാഠമാക്കി. മരപ്പലകയില്‍ നിന്നും മുസാഅഫിലേക്കുള്ള എന്‍റെ യാത്രക്കിടയില്‍ നബീസു ഓത്തു പള്ളി വിട്ടു.

സ്കൂളിലെത്തിയപ്പോള്‍ രണ്ടാംക്ലാസ്സില്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. അപ്പോഴേക്കും നബീസുവിന്റെ നിഴലിന് നീളം വച്ചിരുന്നു. ഒരു ദിവസം തട്ടാന്‍ പങ്കോടയുടെ വീട്ടിലേക്ക് നബീസുവും ഉപ്പയും കയറിപ്പോകുന്നത് കണ്ടു. അടുത്ത ദിവസം മുതല്‍ അവള്‍ ക്ലാസ്സില്‍ വന്നില്ല.  അടുത്തയാഴ്ച്ച നബീസുവിന്റെ കല്യാണമാണെന്നും കോയമ്പത്തൂരില്‍ ബേക്കറിപ്പണിക്കാരനായ കൂളിംഗ് ഗ്ലാസ് വച്ച  ഒരു മൂസ്സാക്കയാണ് പുത്യാപ്ലയെന്നും ഓത്തുപള്ളിയിലെ കുട്ടികള്‍ പാടിനടന്നു.

പെട്രോമാക്സ് വെളിച്ചത്തില്‍ പാടവും പള്ള്യാലുകളും താണ്ടിപ്പോയ ഒരു രാത്രിക്കല്യാണത്തിന്റെ മായാത്ത ഓര്‍മ്മ. തോട്ടുവരമ്പത്ത് വീണ് കാലുളുക്കിയ ബീവാത്തുത്തയുടെ ധര്‍മ്മസങ്കടം. ചോറ് വിളമ്പിയവരെ പറ്റിച്ച് കൂടുതല്‍ പപ്പടവും പഴവും വെട്ടിപ്പിടിച്ച പോത്തലവിയുടേയും മണിമുത്തുവിന്‍റെയും ആഹ്ലാദപ്രകടനം. കുന്നുകളും പള്ള്യാലുകളും നാടുനീങ്ങിയിട്ടും, ബീവാത്തുത്തയും പോത്തലവിയും തട്ടാന്‍ പങ്കോടയും എന്നു വേണ്ട  നബീസുവിന്റെ പുത്യാപ്ലയായ മൂസ്സാക്കയടക്കം മരിച്ചു മണ്ണില്‍ കലര്‍ന്നു. കളിച്ചും രസിച്ചും പണ്ട് നടന്ന നാട്ടുവഴികള്‍ക്കിരുവശവും അതിരും മതിലും കെട്ടി മനോഹരമാക്കിയ വര്‍ത്തമാന കാലത്തിലേക്കാണ് നബീസുവിന്റെ പുനരാഗമനം.
    
പുള്ളിപ്പുലി മുലകൊടുത്തു വളര്‍ത്തുന്ന കുട്ടിക്കുരങ്ങന്റെ വീഡിയോ പങ്കുവച്ച   ഒരു  ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഇസ്ഹാക്ക്. അയാള്‍ പോസ്റ്റ്‌ ചെയ്ത ചില ചിത്രങ്ങളിലൂടെയായിരുന്നു  ബീസുവിന്റെ പൂര്‍വ്വജീവിതം ചുരുളഴിയിച്ച ചില അപ്ഡേറ്റുകള്‍ അതിനു പിന്നാലെയുണ്ടായിരുന്നു.

അതിങ്ങനെ..

നബീസുവിന് ആണും പെണ്ണുമായി രണ്ട് മക്കള്‍. അതില്‍ ഇളയവന്‍ ഇസ്ഹാക്ക്. മൂസ്സാക്ക മരിക്കുമ്പോള്‍ അവന് ഒമ്പത് വയസ്സ്. കൂലിപ്പണിയൊക്കെ എടുത്ത് നല്ല തണ്ടും തടിയും തന്റേടവും കൈമുതലുള്ള നബീസുവിന്  ഒറ്റപ്പെട്ട ജീവിതം അത്രയധികം  കഷ്ടപ്പാടൊന്നും ആയിരുന്നില്ല. അവള്‍ മക്കളെ രണ്ടുപേരെയും  നന്നായി വളര്‍ത്തി. പ്രായമായപ്പോള്‍  മകളെ വിവാഹം കഴിച്ചയച്ചു. മകന്‍ വലുതാകുന്ന മുറക്ക്  വരവൂരും വടക്കാഞ്ചേരിയിലും  തൃശ്ശൂരും വിട്ട് പഠിപ്പിച്ചു.

ഇസ്ഹാക്കിന് മൂസ്സാക്കയുടെ മുഖവും ചിരിയും നബീസ്സുവിന്റെ കരുത്തും തന്റേടവും. പഠിപ്പ് കഴിഞ്ഞു ജോലിയൊക്കെ ആയപ്പോള്‍ നബീസു ഒരു മൊഞ്ചത്തിയെ  കണ്ടുപിടിച്ച് കല്യാണവും കഴിപ്പിച്ചു.

ആയിരത്തിലധികം സ്നേഹിതന്മാരുള്ള ഇസ്ഹാക്കിന്‍റെ മുഖച്ചുമരില്‍ ചരിത്രവും അതിന്‍റെ മുഖച്ചിത്രങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. അവിടെ ഒന്നും തെളിഞ്ഞു കാണാത്ത രീതിയില്‍  ഭൂതകാലത്തിനുമേല്‍ ഒരു തിരശ്ശീല മാത്രം. എങ്കിലും  ചില സൂചനകളിലൂടെ, വല്ലപ്പോഴും പുതുക്കിയ ഓര്‍മ്മകളിലൂടെ വേണ്ടതെല്ലാം വെളിച്ചപ്പെട്ടു.

ഇടയ്ക്കിടെ ഇസ്ഹാക്കിന്റെ പ്രൊഫൈലിലെ  അപ്ഡേറ്റുകള്‍. ചുമരിലെ അര്‍ത്ഥവത്തായ കുറിപ്പുകള്‍. ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍. കൌതുകകരമായ വീഡിയോകള്‍. നാലുനിറങ്ങളിലുള്ള  ഇസ്ഹാക്കിന്റെ വീട്, ചെന്തെങ്ങുകള്‍ കുലച്ചു നില്‍ക്കുന്ന അതിന്‍റെ  മുറ്റം, അവിടത്തെ വിശേഷങ്ങള്‍ , ആഘോഷങ്ങള്‍.

ഇസ്ഹാക്കിന്റെ ഓരോ പോസ്റ്റുകളിലും വിത്യസ്തമായ സന്ദേശങ്ങള്‍ അടങ്ങിയിരുന്നു. ഒരു മാതൃദിനത്തില്‍ ഇസ്ഹാക്ക് ഇട്ട “മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം” എന്ന പ്രശസ്തമായ പോസ്റ്റിനു കിട്ടിയത് നൂറുകണക്കിന്‌ കമന്റുകള്‍. ആയിരക്കണക്കിന് ലൈക്കുകള്‍.

കഷ്ടപ്പാടിനു പകരം കൈവന്ന പുണ്യംപോലെ വലിയൊരു വീട്ടില്‍ വല്ല്യുമ്മയായി കഴിയുന്ന നബീസുവിനെ ആ സന്ദേശത്തോടൊപ്പം സങ്കല്‍പ്പിച്ചപ്പോള്‍ എന്നെങ്കിലും തമ്മില്‍ കണ്ടാല്‍ത്തന്നെ തിരിച്ചറിയാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് കരുതിയിരുന്നത്.
   
എന്നാല്‍ തിരിച്ചുപോക്കിന്‍റെ തിരക്കുകളൊന്നുമില്ലാത്ത പ്രവാസിയുടെ കഷ്ടകാലമെന്ന പ്രവാസത്തിന്‍റെ ശിഷ്ടകാലത്തില്‍, അടുത്തുള്ള  പട്ടണത്തില്‍ വച്ച്  കുറെ പര്‍ദ്ദധാരിണികളുടെ കൂട്ടത്തില്‍ നിന്ന് പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ നബീസുവിനെ പെട്ടെന്ന് തിരിച്ചറിയുന്നു. ഏതോ ബസ്സില്‍ നബീസു ഉള്‍പ്പെട്ട സംഘം അകന്നുപോയ  ഒരു വഴിക്കാഴ്ച്ച.

അതിലിടക്ക് ഇസ്ഹാക്ക് പുതിയ ചില നഗരവിശേഷങ്ങളൊക്കെ പങ്കുവക്കാന്‍ തുടങ്ങിയിരുന്നു. അവന്‍റെ വീടിന്‍റെ മുന്നില്‍ മനോഹരമായൊരു വെള്ളച്ചെമ്പകം പൂവിടാന്‍  തുടങ്ങിയിരിക്കുന്നു. അതിന്‍റെ ചുവട്ടിലിരുന്ന് അവന്‍ പങ്കുവക്കുന്ന പുതിയ സൌഹൃദസായാഹ്നങ്ങള്‍ അതിന്‍റെ ചുമരില്‍ തെളിഞ്ഞുകൊണ്ടിരുന്നു.

കുറച്ചു ദിവസം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. വെയിലില്ലാത്ത എന്നാല്‍ മഴയുടെ കാറും കോളുമില്ലാത്ത ആകാശവും ടാറിട്ടു കറുപ്പിച്ച നാട്ടു വഴിയും കണ്ടപ്പോഴാണ് അടുത്ത കുന്നിന്‍ ചരുവിലുള്ള നബീസുവിന്റെ വിടിനെക്കുറിച്ച് ഓര്‍ത്തത്. വഴിയുടെ ഇരുവശവും ഉയര്‍ന്ന വീടുകളില്‍ നബീസുസിനെ തിരഞ്ഞ് ഒന്നുരണ്ടു വളവുകള്‍ കഴിഞ്ഞപ്പോഴാണ് , മുന്നില്‍ കൊട്ടോട്ടിക്കുന്നിന്റെ മൊട്ടത്തല തെളിഞ്ഞത്.
  
നബീസുവിന്റെ വീട് നിന്നിടത്ത് അപ്പോഴും നബീസുവിന്റെ വീടും, അതിന്റെ ചെറിയ മുറ്റത്ത് നബീസുവിനെയും കണ്ടെത്തിയപ്പോള്‍  സ്ഥലകാല വിഭ്രാന്തിയില്‍ ഒന്നുഴറി. വഴി തെറ്റിപ്പോയൊ എന്ന സംശയത്തില്‍ നിന്നപ്പോഴായിരുന്നു, ആ വീട്ടുമുറ്റത്ത് തെങ്ങിന്‍ പട്ടകള്‍ മെടഞ്ഞുകൊണ്ടിരുന്ന നബീസു  ചിരിച്ചത്. അത് ഓര്‍മ്മയിലുള്ള നബീസുവിന്റെ ചിരി തന്നെയായിരുന്നു.

“ഹാ.. ഇതെന്താ ഈ വഴിയൊക്കെ..? " നബീസു ആദ്യം അതിശയിച്ചു. പിന്നെ വിളിച്ചു:

"കയറി വാ..”

ചോദ്യത്തിനും ക്ഷണത്തിനും ശേഷം‍ ചോര്‍ന്നൊലിച്ചു നില്‍ക്കുകയാണ് മുന്നിലൊരു നരച്ച ഉമ്മറം. ഒരു കാലവര്‍ഷം പെയ്തൊഴിഞ്ഞുപോയ പാടുകളുണ്ടതിന്റെ  മണ്‍ചുമരുകളില്‍. അകത്തുനിന്നും പഴയൊരു പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് അതിലുള്ള പൊടിയും  കരിയുമെല്ലാം വെള്ളതട്ടത്തിന്റെ തുമ്പുകൊണ്ട് തട്ടിത്തുടക്കുന്ന  തിരക്കിനിടയില്‍ വീണ്ടും നബീസുവിന്‍റെ ചോദ്യം:

    “കല്യാണത്തിന് പോയതായിരിക്കും അല്ലെ?”

    “അതെ"

    “നാട്ടില്‍ വന്നിട്ടു കുറെയായല്ലൊ..”

    “ആ.. ആയി ” അപ്പോള്‍ അവള്‍ തുടര്‍ന്നു:

    “വരുന്നതും പോകുന്നതും ഒക്കെ അറിയാറുണ്ട്.. ഇനി തിരിച്ചു പോണില്ലാന്നു കേട്ടു.. ”

    നബീസുവിനെല്ലാം അറിയാം!

    “അതെ..വയ്യ.."
    “ങാ..കൊറേക്കാലായില്ലേ.."

    “എന്തൊക്കെയാ നബീസുവിന്റെ വിശേഷങ്ങള്‍ ?”

    നബീസു അതൊന്നും കേള്‍ക്കുന്നില്ല ; ചോദ്യങ്ങള്‍ മാത്രം:

    “കുട്ട്യോള്‍ക്കൊക്കെ സുഖല്ലെ?”

    “കെട്ടിച്ചയച്ചോര്‍ക്കൊക്കെ സുഖല്ലെ..?”

    ചിരപരിചിതത്വമുണ്ട് നബീസുവിന്റെ തുടര്‍ച്ചോദ്യങ്ങളില്‍ .

    “സത്യത്തില്‍ ഞാന്‍ കരുതിയത് നബീസുവിന് എന്നെയൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നാണ് ”
ഉള്ളില്‍ തോന്നിയ സംശയം  പ്രകടിപ്പിച്ചപ്പോള്‍ നബീസു അത്ഭുതം കൂറി:

    “ഹാവൂ ! നാട്ടുകാരെയൊക്കെ അങ്ങിനെ മറക്കാന്‍ പറ്റ്വോ ?”
കുടുംബവിശേഷങ്ങള്‍ക്കിടയില്‍  ഇസ്ഹാക്കിന്റെ അപ്ഡേറ്റുകളാല്‍ സുപരിചിതമായ ആ വീട് ഞാന്‍ ചുറ്റും തിരഞ്ഞു. അതിന്‍റെയുള്ളിലാണല്ലൊ നബീസു പേരക്കുട്ടികളെയും  ലാളിച്ച് കഴിഞ്ഞു കൂടുന്നത്.  ചെമ്പകം പൂത്ത ഒരു മണമായിരിക്കാം  ഇളംകാറ്റില്‍ ഒഴുകി വരുന്നുണ്ട്.  ഒരുപക്ഷെ  ചെന്തെങ്ങില്‍ നിന്നു വീണ പട്ട തന്നെയായിരിക്കണം നബീസു മെടഞ്ഞുകൊണ്ടിരിക്കുന്നത്.  എന്നാലും നാലുനിറങ്ങളിലുള്ള വലിയ മനോഹരമായ  ആ വീടെവിടെ?

നബീസുവിന് പക്ഷെ അതൊന്നും മനസ്സിലായിട്ടുണ്ടാവില്ല. കൂട്ടുകുടുംബാദികളുടെ കഥ തീര്‍ന്നപ്പോള്‍  അവള്‍ നാട്ടുവിശേഷങ്ങളിലേക്ക് കടന്നു. നാട്ടുകാരൊക്കെ  മരിച്ചതും  തോരക്കുന്നത്തെ നേര്‍ച്ച നാമമാത്രമായതും  സ്ഥലത്തിനും സ്വര്‍ണ്ണത്തിനും വിലകൂടിയതുമെല്ലാം ആധിയോടെ പങ്കുവച്ചു.
     അതും തീര്‍ന്നപ്പോള്‍ :
    “കട്ടന്‍ ചായണ്ടാക്കാം, പാലൊന്നും ല്ല്യ..?”

ഒന്നും വേണ്ടെന്നു പറഞ്ഞ് മുറ്റത്തെ മരച്ചുവട്ടിലേക്കിറങ്ങിയപ്പോള്‍ നബീസു മറ്റൊരു തണല്‍ നോക്കി മാറി നിന്നു. ഒന്നും പറയാനില്ലാത്ത അവസ്ഥയില്‍ ഏതാനും ചില നിമിഷങ്ങള്‍. ഒടുവില്‍ എന്റെ ഊഴം:

    “ഇസ്ഹാക്ക് ഇപ്പോള്‍ എവിടെയാണ് ?”

    നബീസു മറുപടിയില്‍  ഒരമ്പരപ്പ് കൈമാറി:

    “ങേ..! ഓനെത്ര കാലായി ഇവടന്നൊക്കെ പോയിട്ട്. ഇപ്പൊ കോഴിക്കോട്ടാ താമസം.”

    “അപ്പൊ നബീസു ഇവിടെ, ഒറ്റക്കാണോ?”

    “ഇടക്കൊക്കെ മോള് വരും... ചെലപ്പൊ അങ്ങോട്ടു പോകും.. അങ്ങിനൊക്കെ കഴിയുന്നു..”

    “അപ്പോള്‍ ഇസ്ഹാക്ക് ?”

    “ഓന്‍.. ഓന്..”

    തട്ടത്തിന്റെ ഒരറ്റം കൊണ്ട്  പാതി മുഖം മറച്ച് നബീസു കുറെ വാക്കുകള്‍ വിഴുങ്ങി.
    “ഓന് അങ്ങോട്ടു ചെല്ലാന്‍ പറയ്ണൊക്കെണ്ട്.. ഞാന്‍ പോവ്വാഞ്ഞിട്ടാ..”

അവള്‍ ആകാശത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പിട്ടുവെന്നു തോന്നി. അപ്പോള്‍ ഒരു ചുടു കാറ്റ് വന്ന് തട്ടിയുണര്‍ത്തിയ പോലെ മുകളിലെ മരച്ചില്ലകള്‍ മുഴുവന്‍ ഉലഞ്ഞാടി. ചില ഇലപ്പുള്ളികള്‍ ആ പുള്ളിത്തട്ടത്തില്‍ വീണു ചിതറി.

ഒരിക്കല്‍ അടുത്ത പട്ടണത്തില്‍ വച്ച് ഒരു നോട്ടം കണ്ടുവെന്ന് പറഞ്ഞപ്പോള്‍ നബീസു അതെളുപ്പം ഓര്‍മ്മിച്ചെടുത്തു.

    “ആ.. ഇരുപത്ത്യേഴാം രാവിന്‍റെ സക്കാത്ത് വാങ്ങാന്‍ പോയതാ.. ഈ നാട്ടില്   എന്ത് പറഞ്ഞാണ് കയറിച്ചെല്ല്വാ..? ദൂരെ എവടെങ്കിലും ആവുമ്പോ ആരും ഒന്നും ചോദിക്കൂല. എന്തായാലും  ഒരു കൊല്ലം ചോറ് വെയ്ക്കാനുള്ളത് അങ്ങിനെയൊക്കെ കിട്ടും. പിന്നെ ഉപ്പും മോളകും വാങ്ങ്യാ മതീലോ.. അതിന് ഇടക്കൊക്കെ തൊഴിലൊറപ്പ് പണിയുണ്ടാകും”

    “ അപ്പോള്‍ ഇസ്ഹാക്ക്..?”
    എന്‍റെ നാവില്‍ നിന്ന് വീഴുന്നതെല്ലാം ആ  നാമം മാത്രം. അതാവട്ടെ നബീസുവിന്‍റെ ഉള്ളില്‍ എവിടെയൊക്കെയോ നോവായി ചെന്നേല്‍ക്കുന്നുണ്ട്.
     “ന്റെ കുട്ടി ദണ്ണോം കേടും ഒന്നുംല്ല്യാതെ സുഖായി കഴീണ്‌ണ്ട്ന്ന് കേട്ടാ മതി.. ഇക്ക് വേറൊന്നും വേണ്ട.”

നബീസുവിന്റെ കണ്ണുകളപ്പോള്‍ കൊട്ടോട്ടിക്കുന്നിന്റെ ഉയരമല്ല ആകാശത്തിന്റെ അതിരുകളാവം അളന്നു കൊണ്ടിരുന്നത്.

വീണ്ടുമൊരു കാറ്റുലച്ചിലോടെ, കൊഴിഞ്ഞു വീണ കരിയിലകളില്‍ ചവുട്ടി പറന്നു പോകുന്ന ഉച്ച.   ചില്ലളാകളാട്ടം നിര്‍ത്തിയപ്പോള്‍  മുറ്റത്തെ വെയില്‍ നിറം തെല്ല് മങ്ങി. അപ്പോള്‍   കൊട്ടോട്ടിക്കുന്നിന്റെ  നെറുകയില്‍ നിന്നിറങ്ങി വന്ന ഒരു മഴമേഘക്കീറ് നബീസുവിന്റെ തലയ്ക്കു മുകളില്‍ അന്തംവിട്ടു നിന്നു. മഴ പെയ്യുമോ എന്ന പ്രകടമായ ഒരാശങ്കയോടെ  പടിയിറങ്ങുമ്പോള്‍ ഈ കാറെല്ലാം കാറ്റ് കൊണ്ട് പോകുമെന്ന ഉറപ്പുള്ളിലുള്ളൊരു ചിരിയോടെ  ഓല ചീന്താനുള്ള തയ്യാറെടുപ്പിലാണവള്‍ . 
ഇന്ന് അതി മനോഹരമായ ഒരു നൃത്തരംഗമാണ് ഫേസ്ബുക്കിലൂടെ ഇസ്ഹാക്ക്  പങ്കുവച്ചിരിക്കുന്നത്. മനുഷ്യനായും മൃഗമായും പൂവായും മരമായും  പുഴയായും കടലായും ഒക്കെ രൂപാന്തരപ്പെടുന്ന നിരവധി  നിഴല്‍ രൂപങ്ങള്‍ . സര്‍ഗ്ഗ സമ്പന്നരായ ഒരു കൂട്ടം കലാകാരന്മാരുടെ  അതുല്യമായ ആ പ്രകടനത്തെ എത്ര അനുമോദിച്ചാലും അധികമാവില്ല. ഇസ്ഹാക്കിന്റെ ചുമരുകളില്‍ അഭിപ്രായങ്ങളുടെയും ലൈക്കുകളുടെയും  പ്രളയം. 
മൌസ് ചിലപ്പോളെല്ലാം മനസ്സിനു മുമ്പെ കുതിക്കും. വിരലുകളില്‍ നിന്ന് വഴുതി  അതരിച്ചരിച്ചു ചെന്ന് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ തൊട്ടു.

പിന്നെയെപ്പോഴൊ ഓപ്ഷനുകളിലേക്ക് കടന്ന് ബ്ലോക്ക്‌ / റിപ്പോര്‍ട്ട് ദിസ്‌ പ്രൊഫൈലില്‍ മണത്തു.

0 അഭിപ്രായങ്ങള്‍